Friday, July 25, 2008

കുറുക്കനും ആണ്ണാനും വെള്ളരി നട്ട കഥ

ഒരിക്കല്‍ ഒരണ്ണാനും കുറുക്കനും കൂടി വെള്ളരി നട്ടു. കൂട്ടുകൃഷിയായിരുന്നെങ്കിലും കുറുക്കന്‍ യാതൊരു സഹായവും ചെയ്തില്ല. വെള്ളരിക്ക് തടമെടുത്തതും, നട്ടതും, നനച്ചതും, വളമിട്ടതുമെല്ലാം അണ്ണാന്‍ തനിച്ചായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞു. വെള്ളരി പൂവിട്ടു. വെള്ളരിക്കുഞ്ഞുങ്ങളെ അണ്ണാന്‍ നന്നായി പരിപാലിച്ചു. ഓരോന്നോരോന്നായി വെള്ളരി മൂത്തുവന്നു. എന്തു കഷ്ടം! മൂപ്പെത്തിയ വെള്ളരി ഓരോ ദിവസവും കാണാതാവുന്നു.
കുറുക്കന്‍ പറഞ്ഞു : " അണ്ണാനേ, നമ്മുടെ വെള്ളരി ആരാണ് മോഷ്ടിക്കുന്നത്? കള്ളനെ കണ്ടു പിടിച്ചിട്ട് തന്നെ കാര്യം. "
അണ്ണാന്‍ ഒന്നും മിണ്ടിയില്ല. ഒടുവില്‍ കുറുക്കന്‍ കള്ളനെ കണ്ടു പിടിച്ചു, അണ്ണാന്‍.
വിളഞ്ഞവെള്ളരിയെല്ലാം അപ്പോഴേക്ക് അണ്ണാന്‍ പനയുടെ മുകളില്‍ എത്തിച്ചിരുന്നു. അണ്ണാന്‍ തന്നെ ചതിച്ചതില്‍ കുറുക്കന് കലിയായി. അവന്‍ കാട്ടിലെ സകല കുറുക്കന്മാരേയും കൂട്ടി പനയുടെ ചുവട്ടിലെത്തി. ഒരു കുറുക്കന്‍ മറ്റൊരു കുറുക്കന്റെ തോളില്‍ എന്ന ക്രമത്തില്‍ കുറുക്കന്മാര്‍ മേലോട്ടുയരാന്‍ തുടങ്ങി.
പനയുടെ മുകളിലിരിക്കുകയായിരുന്ന അണ്ണാന് പേടിയായി. വെള്ളരി മുഴുവന്‍ നഷ്ടപ്പെടുമെന്ന് മാത്രമല്ല, തന്റെ ജീവന്‍ കൂടി അപകടത്തിലാണെന്ന് അണ്ണാന് തോന്നി. ഉടനെ എന്തെങ്കിലും ചെയ്യണം. ചങ്ങാതിയായ കട്ടുറുമ്പിനോട് അണ്ണാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. കുറുക്കന്മാര്‍ കയറിക്കയറി പനയുടെ മുകളിലെത്തും മുമ്പ് കട്ടുറുമ്പ് താഴെയെത്തി. ഏറ്റവും അടിയില്‍ നില്‍ക്കുന്ന കുറുക്കന്റെ കാലില്‍ അവന്‍ കടിക്കുകയും പിന്‍ഭാഗം കൊണ്ട് കുത്തുകയും ചെയ്തു. ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തില്‍ അടിയിലെ കുറുക്കന്‍ പുളഞ്ഞു. അതോടെ സകല കുറുക്കന്മാരും ചടപടാന്ന് താഴെ വീണു. കാലൊടിഞ്ഞും തല തകര്‍ന്നും കുറുക്കന്മാര്‍ അപകടത്തിലായി. പനയുടെ മുകളില്‍ നിന്ന് ഈ കാഴ്ച കണ്ട് അണ്ണാന്‍ ആശ്വസിച്ചു. സ്വന്തം അദ്ധ്വാനഫലം സംരക്ഷിക്കാന്‍ കഴിഞ്ഞതില്‍ അണ്ണാന് സന്തോഷമുണ്ടായി

No comments: